വാഷിംഗ്ടൺ ഡിസി: യുഎസിസെ യൂറ്റാ സംസ്ഥാനത്ത് ഇന്ത്യൻ പൗരനു നേരേ മതവിദ്വേഷത്തിന്റെ പേരിൽ ആക്രമണം. സാർട്ട് ലേക്ക് സിറ്റിക്ക് സമീപമുള്ള ഷോപ്പിംഗ് മാളിൽവച്ചാണ് ഇന്ത്യൻ പൗരനായ സയീദ് സൊഹൈലുദ്ദീനു നേരേ ആക്രമണമുണ്ടായത്. യൂറ്റാ വെസ്റ്റ് വാലിസിറ്റിയിലെ വാലിലിറ്റി മാളിലെ ജീവനക്കാരനായ ഇയാളെ 15 തവണ അക്രമി കുത്തിപ്പരിക്കേൽപ്പിച്ചെന്ന് പോലീസ് പറഞ്ഞു.
തിങ്കളാഴ്ചയാണ് സംഭവം. പീറ്റർ മൈക്കൽ ലാർസൻ എന്നയാളാണ് സൊഹൈലുദ്ദീനെ ആക്രമിച്ചത്. ആക്രമണത്തിനു തൊട്ടുമുമ്പ് പ്രതി സൊഹൈലുദ്ദീനോട് മതം ഏതാണെന്ന് ചോദിച്ചിരുന്നതായി ഫോക്സ് 13 ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. വധശ്രമം, നിരോധിത മാരകായുധം കൈവശംവയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു.
മതപരമായ വിശ്വാസങ്ങൾ കാരണമാണു താൻ ആക്രമണം നടത്തിയതെന്ന് ലാർസൻ പോലീസിനോട് സമ്മതിച്ചതായി പോലീസ് രേഖകളെ ഉദ്ധരിച്ച് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.